Wednesday, January 25, 2012

സ്‌കൂളുകളും സര്‍ക്കാരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണം - സ്റ്റാള്‍മാന്‍





കൊച്ചി: സ്‌കൂളുകളും സര്‍ക്കാരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗം പ്രോത്സാഹിക്കണമെന്ന് ലോക പ്രശസ്ത സോഫ്റ്റ്‌വെയര്‍ വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍. കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് മേഖലയിലെ കുത്തക അവസാനിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് പ്രോഗ്രാമിങ് മേഖലയില്‍ അവശ്യ പരിശീലനം നല്‍കുന്നതിനും ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്‌ലിം എഡ്യുക്കേഷണല്‍ അസോസിയേഷന്റെ കീഴിലുള്ള കെ.എം.ഇ.എ. എന്‍ജിനിയറിങ്ങ് കോളേജിന്റെ പത്താം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം -ജി.എന്‍.യു./ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റം എന്നതായിരുന്നു വിഷയം.

കമ്പ്യൂട്ടിങ് മേഖലയില്‍ കുത്തകകളുടെ മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കേ കഴിയൂ. കമ്പ്യൂട്ടര്‍ പ്രോഗ്രമുകളെ ഉപയോക്താക്കളാണ് നിയന്ത്രിക്കേണ്ടതെന്നും പ്രോഗ്രാമുകള്‍ ഉപയോക്താക്കളെ നിയന്ത്രിക്കുന്നത് തടയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1970കളില്‍ തന്നെ ഫ്രീ സോഫ്റ്റ്‌വെയര്‍ കമ്യൂണിറ്റികളുടെ ഭാഗമായിരുന്നു താന്‍. പിന്നീട് ഇത്തരം സംഘങ്ങള്‍ അപ്രത്യക്ഷമായി. ഇതെത്തുടര്‍ന്നാണ് 1983ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം (ജി.എന്‍.യു. പ്രോജക്ട്) തുടങ്ങിയത്. എന്നാല്‍ സ്വതന്ത്ര കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റം ഇല്ലാതിരുന്നതായിരുന്നു അന്ന് നേരിട്ടിരുന്ന പ്രധാന വെല്ലുവിളി. എന്നാലിന്ന് ലിനക്‌സ് അടക്കമുള്ള സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ നിലവിലുണ്ട്.

ലിനക്‌സിനു പിന്നില്‍ പ്രവര്‍ത്തിച്ചത് താനാണെന്ന് പൊതുവായി തെറ്റിധരിക്കപ്പെടുന്നുണ്ട്. ഇത് ശരിയല്ല. ലിനക്‌സ് വികസിപ്പിച്ചെടുത്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ലിനക്‌സിന്റെ സ്ഥാപകന്‍ ലിനസ് ടോള്‍വാഡ്‌സിനാണ്. ജി.എന്‍.യുവിനെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചതാണ് ലിനക്‌സെന്ന് മാത്രം. ലിനക്‌സിനെ കൂടാതെ ഒട്ടനവധി ഓപ്പറ്റേറ്റിങ് സിസ്റ്റങ്ങളും ഈ പ്ലാറ്റ്‌ഫോമില്‍ ഇന്നുണ്ട്. എന്നാല്‍ മിക്ക ഡെവലപ്പര്‍മാരും പലപ്പോഴും ജി.എന്‍.യുവിന്റെ 'സ്വാതന്ത്ര്യം' എന്ന അടിസ്ഥാനതത്ത്വം മറുന്നുപോകുന്നുവെന്നതാണ് വസ്തുത. ഇത് കാരണം സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകളും ഇവര്‍ ഇതിനോട് ചേര്‍ക്കുന്നു. ഈ പ്രവണത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
 
മാതൃഭൂമിയോട്  കടപ്പാട്