Monday, January 23, 2012

വിമര്‍ശനകലയിലെ അദ്വിതീയന്‍

കേരളത്തിന്റെ സാംസ്‌കാരിക മനഃസാക്ഷി എന്ന് വിശേഷിപ്പിക്കാവുന്ന എഴുത്തുകാരനാണ് പ്രൊഫ. സുകുമാര്‍ അഴീക്കോടെന്നാണ് മാതൃഭൂമി പുരസ്‌കാരം നേടുമ്പോള്‍ വിധിനിര്‍ണയസമിതി പറഞ്ഞ വാക്കുകള്‍. അത് അഴീക്കോട് മാഷിനെക്കുറിച്ച് ഏറ്റവും അനുയോജ്യമായ വിലയിരുത്തലായിരുന്നു. പ്രഭാഷണത്തിലൂടെയും എഴുത്തിലൂടെയും നിരന്തരമായി സമൂഹത്തെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും വിചാരണ ചെയ്യുകയുമാണ് അദ്ദേഹം ചെയ്തത്.


യൗവനോദയത്തോടെത്തന്നെ എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിത്തീര്‍ന്ന അഴീക്കോട്, കഴിഞ്ഞ ഏഴു ദശകത്തിലേറെയായി കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ പൂര്‍ണസമര്‍പ്പണത്തോടെ മുഴുകുകയായിരുന്നു. സംസ്‌കൃതത്തിലും ഇംഗ്ലീഷിലുമുള്ള അഗാധപാണ്ഡിത്യവും ആ ഭാഷകളിലെ സാഹിത്യചിന്തകളിലുള്ള ഗാഢപരിജ്ഞാനവും സാഹിത്യവിമര്‍ശനത്തില്‍ അദ്ദേഹത്തെ അനുപമനാക്കി.


എന്നാല്‍, പാണ്ഡിത്യത്തിന്റെ തടവറ ഭേദിച്ച് നവചിന്തയുടെയും പുതുകല്പനകളുടെയും പ്രഭ പ്രസരിപ്പിക്കുന്നവയാണ് അദ്ദേഹത്തിന്റെ എഴുത്തും പ്രഭാഷണവും. ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു തുടങ്ങിയ സാഹിത്യകൃതികള്‍ അദ്ദേഹത്തിന്റെ വിമര്‍ശനപ്രതിഭയുടെ ഭിന്നമുഖങ്ങളെ വ്യക്തമാക്കിത്തന്നു. ആസ്വാദനത്തിന്റെയും അപഗ്രഥനത്തിന്റെയും നിരീക്ഷണത്തിന്റെയും മാത്രമല്ല, ഖണ്ഡനശക്തിയുടെയും വൈഭവങ്ങള്‍ അവയില്‍ തെളിഞ്ഞുനിന്നു. ഉന്നതമായ തന്റെ സാഹിത്യാവബോധത്തിന് നിരക്കാത്ത കൃതികളെയും പ്രവണതകളെയും വിട്ടുവീഴ്ചയില്ലാതെ നേരിട്ട അഴീക്കോട്, ഖണ്ഡനവിമര്‍ശനമാണ് വിമര്‍ശനം എന്നൊരു നിലപാടുതന്നെ വികസിപ്പിച്ചെടുത്തു. ഗ്രന്ഥകാരനെന്ന നിലയില്‍ അഴീക്കോടിന്റെ പ്രശസ്തി ഏറെ ഉയരത്തിലെത്തിച്ചത് 'തത്ത്വമസി'യാണ്.


ഉപനിഷത്തുകളെക്കുറിച്ചുള്ള ആ പഠനഗ്രന്ഥം മലയാളത്തിലെ ധൈഷണികസാഹിത്യത്തില്‍ ഏറെ സഹൃദയപ്രീതി നേടി. അടുത്തിടെ പ്രസിദ്ധീകരിച്ച അഴീക്കോടിന്റെ ആത്മകഥ ഒരു സാംസ്‌കാരിക ചരിത്രരേഖ മാത്രമല്ല, ആ രചനാവ്യക്തിത്വത്തിലെ സൗമ്യവും കാവ്യാത്മകവുമായ അംശങ്ങളെ വ്യക്തമാക്കുന്നതുകൂടിയാണ്. ഭാരതത്തിന്റെ ദേശീയവും മതേതരവുമായ മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് മാനവികതയുടെ നേരേയുള്ള കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്ന സാംസ്‌കാരിക പോരാളി എന്ന നിലയിലാണ് അഴീക്കോട് മാഷ് വിലയിരുത്തപ്പെടുന്നത്.


എന്നാല്‍ പിന്നീട് എഴുത്തിനേക്കാള്‍ ഊന്നല്‍ പ്രഭാഷണങ്ങള്‍ക്ക് അദ്ദേഹം നല്‍കാന്‍ തുടങ്ങി. വാക്കുകള്‍ കൊണ്ട് മേളപ്പെരുക്കങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങിയ അഴീക്കോട് വിമര്‍ശനകലയുടെ ചാതുരി തന്റെ വാക്കുകളിലൂടെ ഉജ്ജ്വലമായി പ്രകടിപ്പിച്ചു. രാഷ്ട്രീയ-സാംസ്‌കാരിക വിഷയങ്ങളെക്കുറിച്ചുള്ള പ്രതികരണവേദിയായി മാറി അദ്ദേഹത്തിന്റെ പ്രഭാഷണവേദികള്‍.


വാക്കുകളുടെ മൂര്‍ച്ഛയും മുനയും സുഹൃത്തുക്കളേയും ശത്രുക്കളേയും ഒരുപോലെ സൃഷ്ടിച്ചു. രാഷ്ട്രീയമായ വിഷയങ്ങളില്‍ ഒരുകാലത്ത് കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന മാഷ് പിന്നീട് ഇടതുപക്ഷ വേദികളിലെ സജീവസാന്നിധ്യവും ഇടതുരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇഷ്ടതോഴനുമായി മാറുന്ന കാഴ്ച്ചയും കേരളം കണ്ടു. അവിടെയും തന്റെ നിലപാടിന്റെ സുവ്യക്തത ഊന്നിപ്പറയാന്‍ മാഷ് ശ്രദ്ധിച്ചുപോന്നു.


താന്‍ അനുകൂലിക്കുന്നവരുടെ വീഴ്ച്ചകള്‍ എടുത്തുപറയാന്‍ അദ്ദേഹം മടിച്ചില്ല. ചിലപ്പോഴെങ്കിലും നിലപാടുകളില്‍ രൂപപ്പെട്ട വൈരുദ്ധ്യങ്ങളും മാഷ് വിമര്‍ശിക്കപ്പെടാന്‍ കാരണമായി. പ്രശസ്ത എഴുത്തുകാരന്‍ ടി.പത്മനാഭന്‍, പ്രൊഫ. എം.കെ.സാനു, വെള്ളാപ്പള്ളി നടേശന്‍, നടന്‍ മോഹന്‍ലാല്‍ എന്നിവരുമായുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ കേരളീയ പൊതുസമൂഹവും മാധ്യമങ്ങളും വലിയ ശ്രദ്ധയോടെ രേഖപ്പെടുത്തിയവയാണ്. എം.എന്‍.വിജയന്‍ മാഷിന്റെ മരണം സംബന്ധിച്ച് അഴീക്കോട് നടത്തിയ ചില പരാമര്‍ശങ്ങളും വിവാദമായിരുന്നു.


എന്നാല്‍ ആസ്പത്രിക്കിടക്കയില്‍ മാഷിനെ കാണാന്‍ ആദ്യമെത്തിയവരുടെ നിരയില്‍ ഇവരുണ്ടായിരുന്നുവെന്നത് അതിലും ശ്രദ്ധേയമായി. എല്ലാ തര്‍ക്കങ്ങളേയും പരിഭവങ്ങളേയും കഴുകിക്കളയാനുള്ള മാഷിന്റെ സൗമനസ്യമാണ് അവിടെ വിജയിച്ചത്. വെള്ളാപ്പള്ളിയും ടി.പത്മനാഭനും കാണാനെത്തിയപ്പോള്‍ ഇരുവരും വിതുമ്പിപ്പോയത് എല്ലാ തര്‍ക്കങ്ങള്‍ക്കും മേലെയുള്ള ജീവിതത്തിന്റെ ക്ഷണികതയെ ഓര്‍മ്മിപ്പിച്ചു. അര്‍ബുദരോഗം കീഴടക്കി വേദനാജനകമായ അവസ്ഥയിലേക്ക് പോകുമ്പോഴും മാഷ് തന്റെ നിലപാടുകള്‍ പറയാന്‍ മടിച്ചില്ല.


ആസ്പത്രിക്കിടക്കയില്‍ നിന്ന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉള്‍പ്പെടെ നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹം മടിച്ചില്ല. വിയ്യൂരില്‍ ഏറെക്കാലം താമസിച്ച അദ്ദേഹം ഇരവിമംഗലത്തെ പുതിയ വീട്ടിലേക്ക് അടുത്ത കാലത്താണ് മാറിയത്. കണ്ണൂരില്‍ ജനിച്ച അഴീക്കോട് ദീര്‍ഘകാലം അധ്യാപകനായി ജീവിച്ചത് മലബാറിലാണെങ്കിലും പിന്നീട് സജീവപ്രവര്‍ത്തനമണ്ഡലമായി തൃശൂര്‍ മാറുകയായിരുന്നു. തൃശൂരില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. അഴീക്കോടിന്റെ വിയോഗത്തോടെ അരനൂറ്റാണ്ട് കാലം കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ സക്രിയസാന്നിധ്യമായിരുന്ന സാംസ്‌കാരിക ശ്രേഷ്ഠനെയാണ് നഷ്ടമാകുന്നത്. 

കടപ്പാട്  : മാതൃഭൂമി